March 9, 2018

ഒരു മതിലിന്റെ ആത്മഗതം

അറിഞ്ഞോ?

അവർ വരുന്നു.. ഈ കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ.

അവർ എന്നെ വൃത്തിയാക്കി, പുതിയ കുപ്പായം തരുമത്രേ. ഹോ.. സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു.. എന്നെ മാത്രമല്ല, എന്റെ പരിസരവും വൃത്തിയാക്കുമെന്നാണ് കേട്ടത്.

ഈ കുട്ടികൾ നാല് വർഷം ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്താ? ഞാൻ അവരെ ശരിക്കൊന്ന് കണ്ടിട്ടുകൂടിയില്ല. അവർ ഇനി വല്ലപ്പോഴുമൊക്കെ വരും. അപ്പോൾ എനിക്കവരെ തിരിച്ചറിയാൻ പോലും സാധിക്കില്ല. 

അതെങ്ങനെ? എന്റെ അടുത്തുകൂടി ആർക്കെങ്കിലും നടന്നുപോവാൻ സാധിച്ചിട്ടുവേണ്ടേ? എന്റെ ശരീരത്തിന്റെ  സിംഹഭാഗവും ഏതാണ്ട് ഒരു പൊന്തക്കാട്ടിലാണ്. എന്റെ ശരീരത്തുനിന്നുതന്നെ വളർന്ന ചില ചെടികൾ ഇപ്പോൾ വലിയ മരമായി നിൽപ്പുണ്ട്. ഞാൻ ജനിച്ചപ്പോൾ എനിക്ക് തന്ന ഉടയാടകളുടെ നിറമൊക്കെ എന്നേ മങ്ങിപ്പോയി.. അതിനുശേഷം ഇത്രയും വർഷം ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. വസ്ത്രമൊക്കെ മിക്ക ഭാഗങ്ങളിലും ദ്രവിച്ചു പൊടിയാൻ തുടങ്ങി. പുതിയത് വേണ്ട. ഇത് ഒന്ന് കഴുകി ഉപയോഗിക്കാൻ പോലും കഴിയുന്നില്ലല്ലോ.

ആ നക്ഷത്രക്കണ്ണുകൾ എന്റെ നേർക്ക് തിരിയുമ്പോൾ

 

സാധാരണ ദിവസങ്ങളിൽ കുഴപ്പമില്ല. എന്നാൽ ജൂൺ, ജൂലൈ മാസങ്ങളിൽ പുതിയ കുട്ടികളെത്തും. അത്ഭുതത്തോടെ എല്ലാം സാകൂതം, സസൂക്ഷ്മം നിരീക്ഷിക്കും. അവരുടെ നക്ഷത്രക്കണ്ണുകൾ എന്റെ നേർക്ക് തിരിയുമ്പോൾ ഞാൻ ചൂളിപ്പോവാറുണ്ട്. കാലുകളുണ്ടായിരുന്നെങ്കിൽ ഓടിപ്പോവാമായിരുന്നെന്ന് അപ്പോൾ തോന്നിയിട്ടുണ്ട്.

പൊതുവഴിയുടെ മറുവശത്ത് ഒരു കല്ലുമതിൽ ചേച്ചിയുണ്ട്.

പാവം...എന്റെ ശരീരം പോലെ സിമന്റ് തേച്ച് മിനുസപ്പെടുത്തിയിട്ടില്ല. നിറമുള്ള കുപ്പായവും ആരും ഉടുപ്പിച്ചില്ല. ഒരു സാധാരണക്കാരി. പക്ഷേ, പുറം പകിട്ടിലെന്തു കാര്യം? ചേച്ചിക്ക് എന്നെക്കാൾ വിവരമുണ്ട്. ചേച്ചിയാണ് ലോകത്ത്  നടക്കുന്ന പല കാര്യങ്ങളും എനിക്ക് പറഞ്ഞുതരുന്നത്. മറ്റാരും കേൾക്കാതിരിക്കാൻ, രാത്രിയുടെ അവസാനയാമത്തിലാണ് ഞങ്ങൾ സംസാരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ''മതിലുകൾ'' എന്ന നോവൽ.. അതിലെ നാരായണി എന്ന കഥാപാത്രം. അത് സിനിമയാക്കിയ അടൂർ ഗോപാലകൃഷ്ണൻ. ഇവയെക്കുറിച്ചോക്കെ പറഞ്ഞു തന്നത് ചേച്ചിയാണ്. ചില പുരാതന ക്ഷേത്രങ്ങളിലും പള്ളികളിലും മനോഹരമായ ചുവർ ചിത്രങ്ങളുണ്ടത്രേ.. ചൈനയിലെ വന്മതിലിനെക്കുറിച്ച് കേട്ട് ഞാൻ തലയ്ക്ക് കൈകൊടുത്തിരുന്നു പോയി.

ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ചേച്ചി ഇതൊക്കെ എങ്ങനെ അറിയുന്നുവെന്ന്.

ചിലപ്പോൾ മനുഷ്യർ ചേച്ചിയുടെ സമീപത്തുകൂടി ഇതിനെക്കുറിച്ചോക്കെ ചർച്ച ചെയ്തു നടന്നു പോവും. അപ്പോൾ ചേച്ചി കാതു കൂർപ്പിച്ച് നിൽക്കുമത്രേ..

ഞാൻ എങ്ങനെ ഇതൊക്കെ കേൾക്കും? മനുഷ്യർക്ക് എന്റെ സമീപത്തുകൂടി നടക്കാൻ കഴിഞ്ഞിട്ടു വേണ്ടേ?

പോയ ദിനങ്ങളിൽ ആരൊക്കെയോ എന്റെ ദേഹത്ത് അപരിചിതമായ ഭാഷകളിൽ എന്തൊക്കെയോ കോറിയിട്ടു.  ഏതൊക്കെയോ കടലാസുകൾ എന്റെ മേൽ ഒട്ടിച്ചു. അടുത്ത കൂട്ടർ വന്ന് പഴയ കടലാസുകൾ കീറിമാറ്റി പുതിയത് ഒട്ടിച്ചു.

ഓരോ തവണയും എന്റെ തൊലി ഇളക്കിയത് അവർ കണ്ടില്ല. അവിടെ ചോര പൊടിഞ്ഞത്  ശ്രദ്ധിച്ചില്ല. എന്റെ മേൽ എഴുതിയ ലിപികൾ എനിക്ക് ഇഷ്ടമായോ എന്ന് ചിന്തിച്ചില്ല. എന്റെ വേദനയും കണ്ണീരും  ശ്രദ്ധിച്ചതേയില്ല.

എനിക്ക് സന്തോഷമുണ്ട്. എനിക്കായി വിദ്യാർത്ഥികൾ ഒരു ദിനം തന്നെ മാറ്റി വെച്ചിരിക്കുന്നു. Campus Wall Day ഈ കുട്ടികളെ അനുകരിച്ച് വരും വർഷങ്ങളിലെയും അവസാനവർഷ വിദ്യാർത്ഥികൾ ഒരു ദിവസം എനിക്കായി തന്നേക്കും. 

ഇന്ന് ഞാൻ നേരത്തെ ഉറങ്ങട്ടെ. പുലർച്ചെ ഉണർന്ന് അവർ വരുന്നത് കാത്തിക്കേണ്ടതാണ്.

No comments:

Post a Comment