February 28, 2018

ജീവിതത്തിലേക്ക് വലിച്ച് കയറ്റിയ രണ്ട് കൈകൾ

ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ....

ഓഫീസിലെ ജോസ്‌കുട്ടി പതിവിനു വിരുദ്ധമായി പെട്ടെന്ന്, വാതിൽ തള്ളിത്തുറന്ന് വേവലാതിയോടെ അകത്തുവന്നു. 

"ടീച്ചർ, ഞാനിപ്പോൾ കണ്ടു . B ബ്ലോക്കിന്റെ മുകളിൽനിന്ന് രണ്ട് കുട്ടികൾ താഴോട്ട്...."

പൊടുന്നനെ ഉള്ളിൽനിന്ന് ഒരു ആന്തൽ. 

അയ്യോ,എന്നു പുലമ്പിക്കൊണ്ട് താഴേക്ക് ഓടാൻ ആഞ്ഞു.

"ഇല്ല, ടീച്ചർ, ഭാഗ്യം, അവർ വീണില്ല. കൂടെനിന്നവർ എങ്ങനെയോ അവരെ വലിച്ചുകയറ്റി. ടീച്ചർ അങ്ങോട്ടു പോവണ്ട. അവരോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞു."

എന്റെ പേടി ദേഷ്യമായി മാറി. കുട്ടിക്കളിക്ക് ഒരു പരിധിയില്ലേ? ഇങ്ങ് വരട്ടെ. ഒരു ഡോസ് കൊടുക്കുന്നുണ്ട്.

അവർ വന്നു.

അഞ്ചു പേർ.  ചിലരുടെ മുഖത്ത് ജാള്യത... ചിരി... എന്നാൽ മറ്റുള്ളവരുടെ മുഖത്ത് ഭീതി. അവർ ഇപ്പോഴും ആ നിമിഷത്തിൽനിന്ന് മുക്തരായിട്ടില്ലെന്നു വ്യക്തം.

"ഇതിലാരാ?"  ഞാൻ.

ചിരിക്കുന്നവർ പരസ്പരം കൈചൂണ്ടി. 

"ഏതു ക്ലാസിൽ? പേര്? "

തേഡ് ഇയർ

Arjun G. Nair and Edwin C. Abraham

(അർജുന്റെ അനുമതിയോടെയാണ് ഞാൻ പേര് എഴുതുന്നത്.)

"നിങ്ങളെ കണ്ടപ്പോൾ ഞാൻ കരുതി, ഫസ്റ് ഇയർ വിദ്യാര്ഥികളാണെന്ന്. അവരല്ലേ കുട്ടിക്കളി മാറാത്തവർ. അവർ എന്തിനാണ് ഇന്ന് B ബ്ലോക്കിൽ പോയതെന്ന് ആലോചിക്കുകയായിരുന്നു."

ടീച്ചർ  എന്തുവേണമെങ്കിലും പറഞ്ഞോ എന്ന മട്ടിൽ ചിരി മായാതെ നിൽക്കുകയാണ് അവർ രണ്ടുപേരും. അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. ആ ചിരി ജാള്യതയുടെയല്ല. ജീവിതത്തിലേക്ക് തിരിച്ച് കയറിയതിന്റെ ആഹ്ലാദമാണ്.

കാൽതെറ്റി താഴേക്കു വീണു. അർജുന് ഭാഗ്യത്തിന് ഒരു കമ്പിയിൽ പിടികിട്ടി. മറ്റെയാൾക്ക് അർജുന്റെ  ശരീരത്താണ് പിടികിട്ടിയത്. 

ഒരു നിമിഷാർദ്ധം. ദൈവികമായ ഒരു കരസ്പർശം അനുഭവപ്പെട്ടു.

രണ്ട് കൈകൾ അവരെ വലിച്ചുകയറ്റി. ആ കൈകൾ ആരുടേതെന്നോ? 

Arjun K. Anand

അർജുൻ പിന്നീട് പറഞ്ഞു, "ഒരാളുടെ ഭാരം കൂടി താങ്ങുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഒന്നുരണ്ട്
സെക്കന്റുകൾകൂടി അങ്ങനെ തുടർന്നുവെങ്കിൽ ഞങ്ങൾ താഴെ വീഴുമായിരുന്നു."

വൈകുന്നേരം കോളേജിലെ സെക്യൂരിറ്റി സ്റ്റാഫ് പറഞ്ഞു, "അവർ അവിടെ കൂട്ടിനിൽക്കുമ്പോഴൊക്ക മാറിനിൽക്കാൻ ഞങ്ങൾ പറയാറുണ്ട്. പക്ഷേ, അവർക്ക് ഇഷ്ടപ്പെടില്ല."

അത് കേട്ടതുകൊണ്ടാണ് ഞാൻ ഇത് ബ്ലോഗിൽ എഴുതുന്നത്.

'അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്ന് ഞങ്ങൾ ചിലപ്പോഴൊക്കെ പറയാറുണ്ട്. ഇത്തരം കാഴ്ചകളും അനുഭവങ്ങളുമാണ് ഞങ്ങളെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്. 

നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്ന് അറിയാമെങ്കിലും...

1 comment: