June 6, 2009

ഏതു വര്‍ഷമാ പാസായത്?

പലരുടെയും പേരു‍ കേട്ടാല്‍ മതമേതെന്ന് മനസ്സിലാക്കാം. ചിലപ്പോള്‍ ജാതിയും. എന്റെ പേര്‍ ഈ ഗണത്തിലൊന്നും പെടില്ല. മതത്തിന്റെ പ്രത്യക്ഷചിഹ്നങ്ങളൊന്നും പേറി നടക്കാറുമില്ല. ഇതു ചിലപ്പോള്‍ പൊല്ലാപ്പാകാറുണ്ട്. എനിക്കല്ല, മറ്റുള്ളവര്‍ക്ക്. എന്റെ മതവും ജാതിയും ചികഞ്ഞെടുക്കാന്‍ പലരും വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് ഞാന്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. ദാ, ഒരാള്‍ക്ക് വന്ന ബുദ്ധിമുട്ട്.

“പേരെന്താ?” ചോദ്യം എന്നോടാണ്.

ശ്വാസം.

“എന്താണ്‍ ഫുള്‍ നെയിം?”

എന്റെ മുഴുവന്‍ പേരും അറിഞ്ഞിട്ട് ഇദ്ദേഹം എന്തു ചെയ്യാന്‍ പോവുന്നു. ഏടേ, മനുഷ്യാ, ഞാന്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് ഒക്കെ പണ്ടെ എടുത്തു. പുതിയ റേഷന്‍ കാര്‍ഡല്ലാതെ ഇനി വേറൊരു കാര്‍ഡും എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. മനസ്സില്‍ വിചാരിച്ചെങ്കിലും പറഞ്ഞില്ല. ഫുള്‍ നെയിം തന്നെ പറഞ്ഞുകൊടുത്തു.
…..

അയാള്‍ക്ക് അറിയേണ്ട കാര്യം മനസ്സിലാവാഞ്ഞിട്ട് വീണ്ടും, “അച്ഛന്റെ പേര്?”
…..

എന്റെ ഉത്തരങ്ങള്‍ പോരാ. ഇന്റര്‍വ്യൂ തുടരുന്നു, “അമ്മയുടെ പേരോ?”

അമ്മയുടെ പേരില്‍‌നിന്ന് മതമേതെന്ന് അറിയാം. മൂക്കില്‍ വളഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള ഈര്‍ഷ്യയില്‍ യഥാര്‍ത്ഥ പേരിനു പകരം അമ്മയുടെ ചെല്ലപ്പേരു പറഞ്ഞു.
….

ക്ലെച്ച് പിടിക്കുന്നില്ല. ഇയാള്‍ക്ക് ഇത്തരം അഭിമുഖങ്ങള്‍ നടത്തി നല്ല പരിചയമാണെന്നു തോന്നുന്നു. ഉടന്‍ അടുത്ത ചോദ്യം വന്നു.

“അപ്പോള്‍ ….ല്‍ ജോലി ചെയ്യുന്ന ജോര്‍ജ് ആരായിട്ടു വരും? കഴിഞ്ഞ ദിവസം നിങ്ങളെ ഒരുമിച്ചു കണ്ടു.”

“ബന്ധുവൊന്നുമല്ല. എന്റെ സഹോദരന്റെ സഹപാഠിയാണ് ”

“ടൌണില്‍ കട നടത്തുന്ന സമീര്‍ ആരെന്നാ പറഞ്ഞത്?”

അതിനു ഞാന്‍ അതേപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു പറയണമെന്ന് വിചാരിച്ചതാണ്. ഏതോ സിനിമയിലെ ഡയലോഗ് പോലെ തോന്നിക്കുന്നല്ലോയെന്നോര്‍ത്ത് വേണ്ടെന്നുവെച്ചു.

“സമീര്‍ എന്റെ അയല്‍‌വാസിയാണ് ”

ഇതിലും എത്ര മാന്യതയുണ്ട്. എന്താണ് മതം, ഏതാണ് ജാതിയെന്നൊക്കെ നേരെ ചോദിക്കുന്നതില്‍. ചോദ്യങ്ങള്‍ പിന്നെയും നീണ്ടപ്പോള്‍, അവസാനം എനിക്കു തിരിച്ചൊരു ചോദ്യം തൊടുക്കേണ്ടിവന്നു.

“നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താ‍ണറിയേണ്ടത്? എന്റെ മതമാണോ”

“ഏയ്, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു. ഏതു മതമാണെങ്കില്‍ എനിക്കെന്ത്? മനുഷ്യനല്ലേ വലുത്. അവന്റെ സ്വഭാവവും സമൂഹത്തിലെ ഇടപെടലുമാണ് പ്രധാനം.”

മറ്റു ചിലര്‍ കുറച്ചുകൂടി സത്യസന്ധരാവാറുണ്ട്.

“ഏതു പള്ളിയിലാ പോകുന്നത്? ”

ഉത്തരം എന്തായാലും നേട്ടമാണ്. മുസ്ലീമാണോ ക്രിസ്ത്യാനിയാണോയെന്നറിയാം. ഈ മതങ്ങളിലെത്തന്നെ ഏതു വിഭാഗമാണെന്നറിയാം. ഇനി പള്ളിയിലല്ല പോകുന്നതെന്നു പറഞ്ഞാല്‍ ഹിന്ദുവാണെന്നുറപ്പിക്കാം. ഓ, ഞാന്‍ പള്ളിയിലും അമ്പലത്തിലുമൊന്നും പോവാറില്ലെന്നാണ് ഉത്തരമെങ്കില്‍ കോവൂരിന്റെ പിന്‍‌ഗാമിയായ ഒരു പോക്കുകേസാണെന്ന് കരുതി ഓടിരക്ഷപെടാം.

ഇങ്ങനത്തെ സ്വഭാവങ്ങള്‍ക്ക് ചില പ്രാദേശിക വ്യതിയാനങ്ങളുമുണ്ട്. എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്. “ ഞങ്ങള്‍ എരുമേലി നസ്രാണികള്‍ക്ക് ഒരു ദുഃസ്വഭാവമുണ്ട്. ആരെങ്കിലുമായി പരിചയപ്പെടുമ്പോള്‍ അവരും ക്രിസ്ത്യാനിയാണോന്ന് അറിയണം. അതിനു ചില ചോദ്യങ്ങളങ്ങോട്ട് വിടും.”

“അവിടുത്തെ ചീപ്പുങ്കല്‍ തറവാട്ടിലെയാണോ?

അല്ലെന്നു പറഞ്ഞാല്‍,

“ പിന്നെ വീട്ടുപേരെന്താ?”

അതിലും വ്യക്തമായില്ലെങ്കില്‍ അടുത്ത ചോദ്യം.

“ഏതു രൂപതയാണ് ?”

ഇനി മറ്റൊരു ടിപിക്കല്‍ മലയാളി. അയാള്‍ക്ക് അറിയേണ്ടത് എന്റെ പ്രായമാണ്. കക്ഷി എന്റെ ഒരു ബന്ധുവിന്റെ കൂടെ ജോലി ചെയ്യുന്നു.

“….ന്റെ ആരാണ്?”

“ സ്ഥാനംകൊണ്ട് ജ്യേഷ്ഠന്‍” (പ്രായംകൊണ്ട് അനുജന്‍ എന്ന സത്യം ഞാന്‍ വിഴുങ്ങി.)

കക്ഷി എന്നെ നന്നായൊന്നു നോക്കി. എന്റെ ബന്ധുവിന്റെ പ്രായം അയാള്‍ക്ക് അറിയാം. എന്നെ വീണ്ടും നോക്കുന്നു, ഒന്നും അങ്ങട് സിങ്കാവുന്നില്ല.

“അല്ല, നരച്ച മുടിയൊന്നും കാണുന്നില്ല. അതുകൊണ്ടാണേ..

അതു ജനുസ്സിന്റെ മേന്മയാണെന്ന ഉത്തരം പറയാന്‍, എന്തോ,തോന്നിയില്ല. ഇത്രയും പ്രായമായപ്പോള്‍, ഈ അടുത്തിടെ മാത്രമാണ് എന്റെ അമ്മയുടെ മുടി നരച്ചു തുടങ്ങിയത്.

ചിരിച്ചുകൊണ്ടു പറഞ്ഞു. “അതേ.., മനസ്സു നന്നായിരിക്കണം. അപ്പോള്‍ ജരാനരകളൊക്കെ നമ്മില്‍നിന്ന് കുറെക്കാലമെങ്കിലും അകന്നു നില്‍ക്കും.”

എങ്കിലും അയാളെ വെറുതെ അസൂയപ്പെടുത്തേണ്ടെന്നു കരുതി ഒരു നുണ കാച്ചി. “ അല്ലെടോ, മുഴുവന്‍ ഡൈയാ..എന്നും പുലര്‍ച്ചെ പ്രാഥമിക കൃത്യം ഇതാണ്. ചെയ്തില്ലെങ്കില്‍ വീട്ടുകാര്  സ്വൈരം തരില്ല. പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴേ, അക്ഷരം വായിക്കണമെങ്കില്‍ കണ്ണട വേണം എല്ലാവര്ക്കും. എന്നാലെന്റെ മുടിയിലെ നരയുടെ ഒരു ലാഞ്ഛന കണ്ടെത്താന്‍ അവര്ക്ക് ഒരു ഭൂതക്കണ്ണാടിയും വേണ്ട.”

ഇതോടെ കക്ഷിയ്ക്ക് സമാധാനമാവുമെന്നാണ് കരുതിയത്. പക്ഷേ, അതൊന്നുമല്ല പ്രശ്നമെന്ന് അടുത്ത അഭിനവ് ബിന്ദ്ര മോഡല്‍ ചോദ്യത്തില്‍‌നിന്ന് മനസ്സിലായി.

“അപ്പോള്‍ ഏതു വര്‍ഷമാണ് ഡിഗ്രി പാസായത്?”

മനസ്സിലോര്‍ത്തു. ഇതാദ്യമെ അങ്ങു ചോദിച്ചാല്‍ പോരായിരുന്നോ? അയാള്‍ക്ക് ഞാന്‍ ഏതു വിഷയമാണ് പഠിച്ചതെന്നറിയേണ്ട. ഏതു കോളേജിലാണെന്നും. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്തു എന്നും അറിയണ്ട. അയാള്‍ ഉദ്ദേശിക്കുന്ന കാര്യം തന്നെ പറഞ്ഞുകൊടുത്തേക്കാം. വെറുതെ കാല്‍കുലേറ്റു ചെയ്യിച്ചു ബുദ്ധിമുട്ടിക്കേണ്ടല്ലോ.

“എന്റെ ഡേറ്റ് ഓഫ് ബെര്‍ത് ആഗസ്റ്റ് 14 ആണ് 1947 ല്‍.”

ചോദ്യകര്‍ത്താവിന് ചുരുങ്ങിയപക്ഷം ഒരു ചമ്മലെങ്കിലുമുണ്ടാവണ്ടതാണ്. എവിടെ? പിന്നെ ചോദ്യങ്ങളുമില്ല. സംതൃപ്തനായ ചോദ്യകര്‍ത്താവ്. സന്തുഷ്ടയായ ഞാന്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം?

1 comment:

  1. ഡിയര്‍ ശ്വാസം......... ചോദ്യം ചോദിക്കുന്ന ആളുടെ ശ്വാസം മുട്ടിച്ചു അല്ലേ ...

    ReplyDelete