June 6, 2009

വെള്ളിയാഴ്ച സായാഹ്നത്തില്‍‌നിന്ന് തിങ്കളാഴ്ചപ്പുലരിയിലേക്ക്

ഏറെ പ്രത്യേകതകളുള്ള ശബ്ദമെന്ന് നിരൂപകരുടെ വാ‍ഴ്ത്ത്. അതിശയിപ്പിക്കുന്ന ശബ്ദനിയന്ത്രണവും അഭംഗുരമായ ശ്രുതിശുദ്ധിയും. ഇങ്ങനെയൊക്കെയായിരുന്നു Karen Carpenter ന്റെ സംഗീതം. പക്ഷേ, ആസ്വാദകരുടെ തീരാനഷ്ടം; തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ (1983) Karen അന്തരിച്ചു. തുടക്കം ശബ്ദമല്ലായിരുന്നു. അനിതരസാധാരണമായ കൈയ്യടക്കത്തോടെയും താളഭംഗിയോടെയും ഡ്രം കൈകാര്യം ചെയ്തായിരുന്നു അരങ്ങേറ്റം. പിന്നീട് സഹോദരന്‍ റിച്ചാഡുമായി ചേര്‍ന്ന് രൂപീകരിച്ച Carpenters ന്റെ വിലാസത്തില്‍ വമ്പന്‍ ഹിറ്റുകളായി മാറിയ ഒട്ടേറെ ആല്‍ബങ്ങള്‍.ഇവയിലൊന്നാണ് Top of the World.


ആദ്യന്തം ത്രസിച്ചു നില്‍ക്കുന്ന പ്രസാദാത്മകതയും, വേദി നിറഞ്ഞുനില്‍ക്കുന്ന ഗായിക നാമറിയാതെ നമ്മിലേക്ക് പ്രവഹിപ്പിക്കുന്ന ഊര്‍ജ്ജവുമാണ് നമ്മെ ഈ ഗാനത്തിന്റെ ആരാധകരാക്കുന്നത്. ഒരു മേഘക്കീറുപോലുമില്ലാതെ ശുഭ്രമായ ആകാശമാണ് അവള്‍ കാണുന്നത്. ശുഭപ്രതീക്ഷയുടെ ഉജ്ജ്വലശോഭ പരത്തുന്ന സൂര്യനാണ് അവളുടെ കണ്‍‌മുന്‍പില്‍. എനിക്കുവേണ്ടിയാണ് അവള്‍ പാടുന്നതെന്ന് ഓരോരുത്തര്‍ക്കും തോന്നുന്നവിധം, ചിരി തൂകി, ഇമ്പമാര്‍ന്ന ഈണത്തില്‍ പൊതിഞ്ഞ്, പ്രഗത്ഭനായ മായാവി ഒരു ജാലവിദ്യ കാട്ടുന്ന അനായാസതയോടെ നമുക്കുനേരെ ഒഴുക്കിവിടുന്ന സ്നേഹവാക്കുകള്‍. അവ കൈയ്യെത്തിപ്പിടിച്ച് അവള്‍‌ക്കൊപ്പം മൂളുമ്പോള്‍ അതിശയത്തോടെ തിരിച്ചറിയുകയാണ്, നമ്മളും ചിരിക്കുകയാണ് നാമും ആഹ്ലാദചിത്തരാണ് സങ്കടത്തിന്റെ ഒരു കണികപോലുമില്ലാത്ത ഇത്തരം വ്യക്തികളോടു സംവേദിക്കുമ്പോള്‍, നമ്മിലും പ്രതീക്ഷ നാമ്പിടുകയാണ് തന്റെ കണ്ണിലെ തിളക്കവും മനസ്സിലെ തെളിമയും ചുറ്റുമുള്ളവരിലും പ്രതിഫലിക്കണമെന്ന് ശഠിക്കുന്നവര്‍ ഒപ്പമുള്ളപ്പോള്‍ നാമും അങ്ങനെയാവുകയാണ്. ഗാനം കേള്‍ക്കുന്നതിനോടൊപ്പം, ഗായികയുടെ പ്രകടനവും സഹോദരങ്ങള്‍ക്കിടയിലെ സ്നേഹവും കുസൃതിയുംകൂടി കണ്ട് ആസ്വദിക്കേണ്ടതു തന്നെ.


എന്നാല്‍, Rainy Days and Mondays ഉള്‍ക്കൊള്ളാന്‍ കണ്ണ് വേണമെന്നില്ല. കാതുകള്‍ മാത്രം മതി. Top of the World ഒരാളെ സന്തോഷത്തിന്റെ നെറുകയില്‍ എത്തിക്കുമെങ്കില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ അഗാധഗര്‍ത്തത്തിലേക്ക് വഴുതി വഴുതി വീഴുന്നതുപോലെയും. അല്ലെങ്കില്‍ ദുര്‍ഗ്ഗമ വനപാതയിലൂടെ ഇരുട്ടില്‍ തനിയെ പോകുമ്പോള്‍ തോന്നുന്ന ഭയാശങ്കകള്‍. അതുമല്ലെങ്കില്‍ വരികളില്‍ പറഞ്ഞിരിക്കുന്നതുപോലെ, ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ quit ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കുന്ന നിമിഷങ്ങള്‍. നിത്യേന കോമാളിവേഷം കെട്ടേണ്ടി വരുന്നതിലെ വ്യഥകള്‍. ഇവിടെ ഗായികയുടെ ശരീരഭാഷയും ശ്രദ്ധേയമാണ്. ശ്രോതാക്കളോ കാണികളോ അവളുടെ ചിന്തയിലില്ല. പല ഗാനങ്ങള്‍ക്കും ഒപ്പമുള്ള സഹോദരനില്ല.വിശാലമായ വേദിയുടെ സാദ്ധ്യതകളേക്കുറിച്ച് ആലോചിക്കുന്നേയില്ല. ദുര്‍വിധികള്‍ വരുമ്പോള്‍ പ്രപഞ്ചത്തില്‍ ഏകയാകുമെന്ന തികഞ്ഞ ബോദ്ധ്യമുണ്ടവള്‍ക്ക്. കണ്ണടച്ച്, നിശ്ചേഷ്ടയായി അവള്‍ നടത്തുന്ന ഒരു. ആത്മവിലാപമായാണ് ഈ ഗാനം അനുഭവപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഗായികയെ പൂര്‍ണ്ണമായും കേള്‍ക്കാതിരിക്കാന്‍ മനസ്സ് അനുവദിക്കില്ല. ഗാനം കഴിഞ്ഞാലും നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈണവും.

1 comment: